ഹാപ്പൂർ: ബ്രെഡ് പക്കോഡയ്ക്കൊപ്പം പച്ചച്ചട്ണിക്ക് പകരം പുളി കൊണ്ടുണ്ടാക്കിയ ചട്ണി നൽകിയതിനെച്ചൊല്ലി ഉത്തർപ്രദേശിലെ ഹാപ്പൂരിൽ വൻ സംഘർഷം. പ്രകോപിതരായ ഉപഭോക്താക്കൾ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ചതോടെയാണ് സംഭവം തെരുവ് യുദ്ധത്തിൽ കലാശിച്ചത്.
കടയുടമയെ സംരക്ഷിക്കാൻ നാട്ടുകാരും മറ്റു വ്യാപാരികളും രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ കല്ലുകളും, ക്രിക്കറ്റ് ബാറ്റുകളും, ബെൽറ്റും, പക്കോഡ വറുക്കാൻ ഉപയോഗിക്കുന്ന വലിയ ഇരുമ്പ് തവികളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞു വരികയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. 2021-ൽ ഉത്തർപ്രദേശിലെ ബാഗ്പതിൽ ചാട്ട് കടക്കാർ തമ്മിൽ തെരുവിൽ നടന്ന ഏറ്റുമുട്ടലിന് സമാനമായ സംഭവമാണ് ഇപ്പോൾ ഹാപ്പൂരിലും നടന്നിരിക്കുന്നത്.